Senior living homes; കാലം മാറുന്നതിനനുസരിച്ച് കേരളീയരുടെ ജീവിതം അടിമുടി മാറുകയാണ്. ഒരേസമയം വിവിധ ട്രെൻഡുകളാണ് കേരളത്തിലുടനീളമുള്ളത്. മുൻപൊക്കെ പഠിത്തം കഴിഞ്ഞാൽ ഗൾഫിലേക്ക് പോയി എല്ലുമുറിയെ പണി എടുത്ത് കാശുണ്ടാക്കി, പഴയ വീട് പുതുക്കി, മക്കളെ പഠിപ്പിച്ച് വലുതാക്കി വിവാഹം കഴിപ്പിച്ച് എല്ലാം ഒന്ന് ഒതുക്കിയ ശേഷം നാട്ടിലേക്ക് തിരികെ എത്തും. പിന്നീട് ഒരു സംരംഭമൊക്കെ തുടങ്ങി ജീവിതമൊക്കെ മുന്നോട്ട് കൊണ്ടു പോകുമായിരുന്നു. അതുപോലെ തന്നെ പ്രവാസി അല്ലാത്തെരു സാധാരണ വ്യക്തി മുപ്പതുകളുടെ പകുതിയിൽ ഒരു വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള പെടാപാടിലായിരിക്കും. എന്നാൽ ഇന്നത്തെ തലമുറ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ചിന്തിക്കുന്നവരാണ്. അടിസ്ഥാന വിദ്യാഭ്യാസം നാട്ടിൽ നേടി കഴിഞ്ഞാൽ പുതിയ തൊഴിൽ സാധ്യതകളുള്ള മേച്ചിൽ പുറങ്ങൾ തേടി പോകുന്നത് ഇപ്പോൾ പതിവ് കാഴ്ചയാണ്. ഇതെല്ലാം കഴിഞ്ഞ് വിദേശത്ത് നല്ല നിലയിൽ സെറ്റിൽ ചെയ്ത മക്കളിൽ ഭൂരിഭാഗം പേർക്കും നാട്ടിലെ വീടിനോടും പറമ്പിനോടും താത്പര്യമേ കാണില്ല. നാട്ടിലുള്ള വസ്തുവകകൾ വിറ്റുകാശാക്കി ബാങ്കിൽ ഇട്ടാൽ അവർ ഡബിൾ ഹാപ്പിയാണ്. എന്നാൽ മാറ്റത്തെ നല്ല രീതിയിൽ കണ്ട് മക്കളെ പിന്തുണയ്ക്കുന്ന ധാരാളം രക്ഷിതാക്കളുമുണ്ട്. ജോലിയിൽ നിന്ന് റിട്ടയർമെൻ്റ് ലഭിച്ച ശേഷം കൊച്ചുമക്കളെ നോക്കാൻ വേണ്ടി മക്കളുടെ അടുത്തേക്ക് വിമാനം കയറുന്ന ധാരളം അച്ഛനമ്മമാരുണ്ട്. അടുത്ത മുപ്പതുവർഷം കേരളം നേരിടാൻ പോകുന്ന ഒരു സാമൂഹികസമസ്യ, മക്കൾ അടുത്തില്ലാതെ വീടുകളിൽ ഒറ്റയ്ക്കായിപ്പോയ പ്രായമായവരുടെ പരിപാലനമാകും. മുൻപൊക്കെ വൃദ്ധസദനങ്ങളെ ‘നികൃഷ്ടമായി’ കണ്ടിരുന്ന പൊതുബോധത്തിൽ നിന്നാണ് അവയുടെ പരിഷ്കൃത പതിപ്പായ സീനിയർ ലിവിങ് ഹോമുകൾ ഇന്ന് ചുവടുറപ്പിക്കുന്നത്. വരും നാളുകളിൽ വൃദ്ധസധനങ്ങളുടെ എണ്ണം വർധിക്കും. നിലവിൽ സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന കുടുംബങ്ങൾക്കു മാത്രമേ ഇവയുടെ ചെലവു താങ്ങാൻ സാധിക്കൂ. ഈ മേഖലയിൽ സർക്കാർ ഇടപെടൽ ഉണ്ടായാൽ മധ്യവർഗ കുടുംബങ്ങൾക്കും താങ്ങാനാവുന്ന സീനിയർ ലിവിങ് ഹോമുകൾ ഇവിടെയും ഉയരും.